എന്ത് കൊണ്ട് ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്നു?

Posted മേയ് 29, 2009 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം

Tags: , , ,

ചില കാര്യങ്ങള്‍ അങ്ങനെയാണ്‌. നിങ്ങള്‍ തെരുവിലിറങ്ങി വിളിച്ചുകൂവി നടന്നതുകൊണ്ടോ ലേഖനമെഴുതിയതുകൊണ്ടോ കാര്യമില്ല.
ശ്രദ്ധിക്കപ്പെടരുത് എന്ന് ചിലര്‍ തീരുമാനിച്ചാല്‍ അതങ്ങനെതന്നെ നടക്കും. കേരളത്തിലെ വ്യവസായ രംഗത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണുന്ന പുതിയ ദിശാബോധം തന്നെയാണ്‌ വിഷയം.
പ്രേരകമായത് വ്യവസായ മന്ത്രി എളമരം കരീമിന്റെ ലേഖനം ജാഗ്രതയില്‍ വായിക്കാനിടയായതും.

ലോക്സഭാ തിരഞ്ഞെടുപ്പും ഫലവും വിശകലനവും ആത്മപരിശോധനയും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന കാലഘട്ടത്തിലായിപ്പോയി എന്നതുകൊണ്ട് മാത്രമാണോ തുല്യതയില്ലാത്ത ഈ നേട്ടം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? സംശയമാണ്‌.

കേരളത്തിലെ ഒരു വ്യവസായമന്ത്രിക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
കോടികളുടെ ലാഭക്കണക്ക് മാത്രമല്ല ഇങ്ങനെ പറയാനുള്ള പ്രേരണ. വ്യക്തമായ ഒരു കാഴ്ച്ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള പരിപാടികളുമാണ്‌ വിപ്ലവകരമായ ഈ മാറ്റത്തിന്‌ പുറകിലെ ഊര്‍ജ്ജം.  തീര്‍ച്ചയായും ഗഹനമായ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണിത്. പ്രത്യേകിച്ച് വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ അടിസ്ഥാനമേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ മൂലധനത്തിന്‌ പൂര്‍ണ്ണമായും വഴിമാറിക്കൊടുക്കണമെന്നുമുള്ള മുതലാളിത്ത പ്രഘോഷണങ്ങള്‍ വേദവാക്യങ്ങളായെടുക്കുന്ന ഒരു ശ്രേഷ്ഠവിഭാഗം ഭരണകൂടങ്ങളിലും മാധ്യമ സാംസ്കാരിക രംഗങ്ങളിലും നിര്‍ണായകസ്വാധീനമുള്ള ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍. കേവലം എളമരം കരീം എന്ന വ്യക്തിയുടെ നേട്ടമെന്ന നിലയിലോ കേരള സര്‍ക്കാരിന്റെ നേട്ടമെന്ന നിലയിലോ മാത്രം ഇതിനെ ഒതുക്കി നിര്‍ത്തുന്ന കാപട്യമാണ്‌ തിരിച്ചറിയപ്പെടേണ്ടത്. ഇടത് സര്‍ക്കാറിന്റെ ഭരണ നേട്ടം തന്നെയാണെന്ന വസ്തുത ഉള്ളിന്റെയുള്ളില്‍ തിരിച്ചറിഞ്ഞാല്‍‌പ്പോലും ആ ഒരൊറ്റ കാരണംകൊണ്ടൊരു സം‌വാദത്തിന്‌ കൂട്ടാക്കാത്ത നല്ലൊരു ശതമാനം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന തിരിച്ചറിവാണ്‌ സങ്കുചിതമായ തലങ്ങളില്‍ ഈ വിഷയം ഒതുക്കപ്പെട്ടത്.  പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ സാമ്പത്തിക നിലപാടുകളുടെയോ തലങ്ങളിലേക്ക് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍‌ച്ചകള്‍ ഉയരാത്തതിനു പുറകിലും ഇത്തരം സ്ഥാപിത താല്പര്യങ്ങള്‍ തന്നെയാണ്‌.

ഒരുകാലത്ത് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍‌ക്കും വിഷയമായ കേരളമോഡലിന്റെ ചില മിന്നലാട്ടങ്ങള്‍ ഈ മാറ്റങ്ങളില്‍ വ്യക്തമാണ്‌. ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ വ്യവസായ നയവും അതിന്റെ പ്രത്യക്ഷമായ വിജയവും മുഖ്യമായും രണ്ട് വാദമുഖങ്ങളെയാണ്‌ ഖണ്ഡിക്കുന്നത് – കേരളത്തിലെ ഇടതുപക്ഷം പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പൂര്‍‍‌ണ്ണമായും വലത്തോട്ട് പോയി എന്നതാണ്‌ ആദ്യത്തേത്. (വ്യതിയാനങ്ങള്‍ ഇല്ലെന്നല്ല. പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ പലതും കമ്മ്യൂണിസ്റ്റ്കാരിലും പ്രതിഫലിക്കുന്നുണ്ട്) . ‘പഴഞ്ചന്‍’  എന്ന മുദ്രകുത്തലും, കാര്യക്ഷമത എന്നത് സ്വകാര്യ മൂലധനത്തിന്റെ മാത്രം ഉല്പ്പന്നമാണെന്നതാണ്‌ പൊളിഞ്ഞ രണ്ടാമത്തെ വാദം. ഇതു രണ്ടിന്റേയും ഉദ്ദേശം ഒന്നാണെങ്കിലും രണ്ട് വ്യത്യസ്ഥ വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള വാദങ്ങളാണ്‌.  അതുകൊണ്ട് തന്നെയാണ്‌ ഈ രണ്ടിന്റെയും മുനയൊടിക്കാന്‍ പ്രാപ്തിയുള്ള ദിശാബോധമുള്ള ഇത്തരം പ്രവര്‍‌ത്തനങ്ങളെ അന്ധകാരത്തിലാഴ്ത്താന്‍ സംഘടിത ശ്രമം നടക്കുന്നത്.

സര്‍‌ക്കാറിനും മന്ത്രിക്കും വകുപ്പിനും തൊഴിലാളികള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഒരു ആശങ്കയും പങ്കു വെയ്ക്കട്ടെ:

പുതിയതും പഴയതുമായ വ്യവസായ ശാലകള്‍ പുനര്‍ജന്മം കിട്ടി വരുമ്പോള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഉള്ളതു നേരിടുന്നതിലും പതിവ് രീതികള്‍ വിട്ട് കൂടുതല്‍ ഉത്തരവാദിത്വബോധം കമ്പനികളില്‍ നിന്ന് പ്രതീക്ഷിക്കാമോ?

രാജ്ദീപ് സര്‍ദേശായീ.. കഷ്ടം.. !!!

Posted മേയ് 9, 2009 by Bijin | ബിജിന്‍
Categories: രാഷ്ട്രീയം

Tags: , ,

അപ്പൂപ്പന്‍ പാപ്പാനായതിന്റെ തഴമ്പ് പയ്യന്‌ കാണാതിരിക്കില്ല എന്ന് ഉറച്ച് വിശ്വസിച്ച് വാഴ്ത്തുപാട്ടുകളുമായി പത്താം ജനപഥത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് തെണ്ടിത്തിരിഞ്ഞു നടക്കുന്നത് ചില ഡൂക്കിലി ഭക്തന്മാര്‍ മാത്രമായിരിക്കുമെന്നാണ്‌ ഞാന്‍ ആദ്യം കരുതിയത്.

വില്യം രാജകുമാരന്‍ കക്കൂസില്‍ പോയാലും പോയില്ലെങ്കിലും വാര്‍ത്തയാക്കാന്‍ മല്‍സരിക്കുന്ന ലണ്ടന്‍ ടാബ്ലോയിഡുകളെ വെല്ലുന്ന ഭീകരന്മാര്‍ ഇവിടെയും ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും രാജ്ദീപ് സര്‍ദേശായി ഇത്ര അധ:പതിച്ചു എന്നത് പുതിയ അറിവാണ്‌.. (ഈ ലിങ്ക് നോക്കൂ..)

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ശോഭനമാണോ എന്നറിയാന്‍ രാജ്ദീപ് നടത്തിയ പരീക്ഷയില്‍ പങ്കെടുക്കുന്നത് രണ്ട് പേര്‍ മാത്രം..
നേരാങ്ങള പോരാ എന്ന തോന്നലില്‍ നിന്നാവാം കുഞുപെങ്ങള്‍ രംഗപ്രവേശം നടത്തിയത്. രംഗപ്രവേശം ഒരു പുതിയ സംഗതി അല്ല എന്ന പരമാര്‍ഥം എന്നെപ്പോലെയുള്ള തിരുമണ്ടന്മാര്‍ക്ക് അറിയില്ലല്ലോ.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ ഒരു ഭക്തന്‍ പറഞ്ഞത്
“ചിരിക്കുമ്പോ അമ്മൂമ്മയുടെ ഒരു ഛായയില്ലേന്നൊരു…”
ഉടനേ അഭ്യസ്തവിദ്യനായ മറ്റൊരു ഭക്തന്‍
“PM Material !!!!”

അന്നു തുടങ്ങി ഇന്നോളം ആയമ്മ ശുദ്ധവായു കിട്ടാനെങ്കിലും ഒന്നു പുറത്തിറങ്ങിയാല്‍ മതി, ഭക്തരുടെ മനസ്സ് നിറയും.
“ഇതാ .. രാഷ്ട്രീയ ചക്രവാളത്തില്‍ പുത്തന്‍ സൂര്യോദയം !!!”
എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്‌ അമ്മയെയും മക്കളേയും ഇങ്ങനെ ചുമക്കുന്നത്? ഉത്തരം ലളിതം.. തഴമ്പ് തന്നെ യോഗ്യത.. കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാള്‍ തഴമ്പുണ്ടാകുമെന്ന വിശ്വാസം.. ആരും പൊക്കി നോക്കിയിട്ടില്ല, ഇനിയൊട്ട് നോക്കുകയുമില്ല..
അത്രയ്ക്കുണ്ട്‌ രാജഭക്തി !!

വ്യക്തമായ സാമ്രാജിത്വാനുകൂല അജണ്ടയുള്ള രാജ്ദീപും അദ്ദേഹത്തിന്റെ ചാനലും (ഒപ്പം മറ്റു പ്രമുഖ മാധ്യമങ്ങളും) ഇന്ത്യയിലെ അര്‍ബന്‍ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവരൂപീകരണത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. നല്ല ഇംഗ്ലീഷും ആകര്‍ഷകമായ അവതരണശൈലിയും മാത്രം മതി ഇതിന്‌ കൈമുതല്‍ (പരിചയസമ്പന്നതയും അറിവും കുറച്ചുകാണുന്നില്ല). ഈ സ്വാധീനം ഉപയോഗിച്ചാണ്‌ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെ പത്താം ജനപഥത്തിലെ തൊഴുത്തില്‍കെട്ടി വ്യഭിചരിക്കാമെന്ന മാസ്റ്റര്‍പ്ലാനിന്റെ പ്രയോക്താവാകുന്നത്. എഴുപത്തഞ്ച് ശതമാനം വരുന്ന പാവങ്ങള്‍ക്ക് ഈ അരങ്ങുകളില്‍ പരിമിതമായ വേഷങ്ങള്‍ (ലൊക്കേഷന്‍ അറേഞ്ച്മെന്റ്!!) മാത്രമേ ഉള്ളൂ എന്ന് വ്യക്തമായി അറിയാവുന്ന ഒരാളാണ്‌ രാജ്ദീപ്. അപ്പോ പിന്നെ നാഗരിക യുവത്വത്തെ കയ്യിലെടുക്കുക എന്ന മാനേജ്മെന്റ് തന്ത്രം തന്നെയാണ്‌ പയറ്റുന്നത്. മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള ഒന്ന് രണ്ടാഴ്ച്ചകളിലെ ഇവരുടെയൊക്കെ വേവലാതി ശ്രദ്ധിച്ചിരുന്നോ? ആസന്നമായ യുദ്ധവും യുദ്ധതന്ത്രങ്ങളും ടിവി സ്റ്റുഡിയോകള്‍ക്കുള്ളില്‍ കൊടുമ്പിരികൊള്ളുന്ന ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അഫ്ഘാനിസ്ഥാനില്‍ നമ്മുടെ ആരാധനാമൂര്‍ത്തി ചെയ്തത് തന്നെയാണ്‌ നമ്മളും ചെയ്യേണ്ടതെന്ന് കഥകെട്ട അര്‍ബന്‍ മധ്യവര്‍ഗത്തെക്കൊണ്ട് പറയിപ്പിക്കാന്‍ ഒരു പരിധിവരെ വിജയിച്ചു എന്നു വേണം കരുതാന്‍.


മുഖ്യധാരാ മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് താല്പ്പര്യങ്ങളും അതിനനുസരിച്ചുള്ള നട്ടെല്ല് വളയ്ക്കലും കേരളത്തില്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമായെങ്കിലും രാജ്ദീപിന്റെയും ബര്‍ഖാ ദത്തിന്റെയും സ്വാധീന മണ്ടലങ്ങളില്‍ ഈ ചര്‍ച്ച അത്രയൊന്നും നടന്നിട്ടില്ല. കേരളത്തില്‍ അതെപ്പോഴും അങ്ങനെത്തന്നെയായിരുന്നു. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ (വെറും വിവാദങ്ങളല്ല) ചര്‍ച്ച ചെയ്യുന്നത് പങ്കാളിത്തസ്വഭാവമുള്ള സാധാരണക്കാരുടെയിടയില്‍ മാത്രമാണ്‌. വാര്‍ത്താവായനക്കാര്‍ വിളമ്പുന്നതും പത്രക്കാര്‍ എഴുതുന്നതും അങ്ങനെതന്നെ വിഴുങ്ങുന്ന മധ്യവര്‍ഗ്ഗ യുവത്വം കേരളത്തിലും പ്രബലരാണെന്നിരിക്കേ രാഹുലിനും പ്രിയങ്കയ്ക്കും പരവതാനി വിരിയ്ക്കുന്ന ഈ ഏര്‍പ്പാടിനു കേരളത്തിലും ലക്ഷ്യങ്ങളുണ്ടെന്നത് മറന്നുകൂടാ.. പ്രിയങ്കയും രാഹുലും ഫ്യൂഡല്‍‌വാഴ്ച്ചയുടെയും രാജ്ദീപ് കുഴലൂത്ത്കാരുടെയും പ്രതിനിധിയായതു കൊണ്ടാണ്‌ അവരെ തിരഞ്ഞ്പിടിച്ചത്.. സച്ചിന്‍ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും അങ്ങനെ പലരുടെയും പ്രതിനിധി..

ഒരു ഓപ്പണ്‍ വോട്ടിന്റെ കഥ..

Posted ഏപ്രില്‍ 15, 2009 by Bijin | ബിജിന്‍
Categories: ഓര്‍മ്മക്കുറിപ്പുകള്‍

Tags: , ,

ഇതു ഒരു പഴയ തിരഞ്ഞെടുപ്പു സ്മരണയാണ്. 1999 ല് നടന്ന ലോക്സഭ തിരഞ്ഞെടുപ്പ്. എന്റെ വീട് ഉള്‍പ്പെടുന്ന വടകര മണ്ടലത്തില്‍ മത്സരിക്കുന്നത് കോഴിക്കോട് മേയറായിരുന്ന എ.കെ പ്രേമജം.
എതിരാളി കോണ്ഗ്രസ്സിന്റെ പി എം സുരേഷ് ബാബു.  ഞാന്‍ അന്നു പത്താം ക്ലാസ്സ് പരീക്ഷ കഴിഞു നില്‍ക്കുന്ന സമയം.  വാര്‍ത്തകള്‍ക്ക് ദൂരദര്‍ശന്‍ മാത്രം ആശ്രയം. പിന്നെ മാതൃഭൂമി പത്രവും.

കോണ്‍ഗ്രസ് അനുഭാവികളായ അച്ഛനമ്മമാര്‍. അച്ഛന്റെ സുഹൃത്തുക്കളും അധികവും ഖദര്‍ ധാരികള്‍.  അങ്ങനെ എന്റെ മനസ്സിലും ഒരു സ്വാഭാവിക കോണ്‍ഗ്രസ് അനുഭാവം ഉണ്ടായിരുന്നു.  എന്റെ ചേട്ടന്‍ (വലിയച്ഛന്റെ മകന്‍) ഒരു കക്ഷി ഉണ്ട്. മൂപ്പര് ആളൊരു അറിയപ്പെടുന്ന കോണ്‍ഗ്രസ്സാണ്‌. അവന്‍ കൊണ്ട് വരുന്ന പോസ്റ്ററുകള്‍ എന്റെ വീടിന്റെ പറമ്പില്‍ തന്നെയുള്ള തെങ്ങുകളില്‍ അവന്‍ തന്നെ ഒട്ടിക്കുമ്പോ കൂടെ നിന്ന് വാചകമടി കേള്‍ക്കുക എന്നതില്‍ മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം ഒതുക്കി നിര്‍ത്തിയ കാലം.

ഉശിരന്‍ പ്രചരണ മഹോത്സവങ്ങള്‍.. തീപ്പൊരി പ്രസംഗങ്ങള്‍.. രാത്രികളിള്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍. മാടിയ കൊള്ളുകളില്‍ (ഇതു ഒരു മലബാറി പ്രയോഗമാണ്.. കൊള്ള് = കയ്യാല, മാടിയ = ?? എനിക്കറിയില്ല ) ഇടതും കോണ്‍ഗ്രസ്സും പോരാത്തതിനു ബി ജെ പിയും നടത്തുന്ന ചുവരെഴുത്തുകള്‍.. അന്നൊരു ദിവസം എന്റെ നേരെ സ്ഥാനാര്‍ഥി സുരേഷ്ബാബു കൈ വീശിയത് ഒരു വലിയ സംഭവമായിരുന്നു (എനിക്കു മാത്രം!). അങ്ങനെ കൊടുമ്പിരി കൊണ്ട പ്രചരണത്തിനൊടുവില്‍ തിരഞ്ഞെടുപ്പു ദിനമായി.

തമ്മില്‍ കാണുന്ന മുതിര്‍ന്നവര്‍ക്കൊക്കെ ഒരേ ചോദ്യം

 ”വോട്ട്വെയ്തിക്കോ ?”

വൈകുന്നേരം ഒരു നാലു മണി ആയപ്പൊഴേക്കും മിക്കവാറും എല്ലാവരുടെയും മറുപടി

“ഓ.. ചെയ്തിക്കി.. ഇഞ്യൊ?” എന്ന മറുചോദ്യമായിരുന്നു.

ഇങ്ങനെ പോളിംഗ് പുരോഗതിക്കുന്ന വിവരം അറിഞ്ഞു നില്ക്കുമ്പൊഴാണ് നമ്മുടെ കോണ്‍ഗ്രസ്സുകാരന്‍ ചേട്ടന്‍ വരുന്നത്.

“ബൂത്തിന്റെ ആട്യൊക്ക പൊയ്വോക്ക്വാ?”.

നല്ല ആശയം.. കലാശക്കൊട്ട് (വോട്ടിംഗ് തീരുന്നതിനു മുന്പു നടക്കുന്ന അവസാന അടിപിടി) കാണാന്‍ പലരും പോകാറുണ്ടെന്ന് അറിയാമെങ്കിലും ഞാന് ഇതു വരെ പോയിട്ടില്ല. അങ്ങനെ പോയി. പടിക്കല്‍ സ്കൂളായിരുന്നു പോളിംഗ് ബൂത്ത്. അവിടെ എത്തിയപ്പോ ഒരു ഉത്സവ പ്രതീതി. ഒരു അഞ്ച് മിനിട്ടു കഴിയുന്നതിനു മുന്പേ കുറച്ച് യൂത്ത് കോണ്ഗ്രസ്സുകാര്‍ (45 – 55 ഏജ് ഗ്രൂപ്പ് !!) എന്റെ ചേട്ടനെ മാറ്റി നിര്‍ത്തി എന്തോ കുശുകുശുക്കി.

ഉടനെ എന്നോടു ചോദിച്ചു.
“പ്രമോദിന്റെ വല്യമ്മയ്ക്ക് ഇന്നെ അറിയോ”?
“അറിയാം”
“വാ ജീപ്പ്‌ക്കേര്‌..”
“എങ്ങോട്ടാ?”
“ഇഞി വാടോ..” അങ്ങനെ പോയി. പ്രമോദേട്ടന്റെ 85 വയസ്സുള്ള വല്യമ്മയെ ഓപ്പണ്‍ വോട്ട് ചെയ്യിക്കണം.പരമ്പരാഗതമായി പ്രകാശന്‍ എന്ന ഡിഫിക്കാരന്‍ കരാറെടുത്ത് കുത്തകയാക്കിയ ഒരോട്ട്. എന്തു കൊണ്ട് അതു ഇത്തവണ കൈപ്പത്തിക്കു വീണുകൂടാ എന്ന ന്യായമായ സംശയമാണ് ഈ ഓപ്പറേഷന്റെ പുറകിലുള്ള ചേതോവികാരം. പക്ഷേ അവര്‍ വരണമെങ്കില്‍ ആരെങ്കിലും പരിചയക്കാര്‍ വേണം. അവിടെ ഈ പതിനഞ്ചുകാരനെ ഉപയോഗിക്കാം എന്ന് ആര്ക്കോ ബള്‍ബ് കത്തിയതാണു സംഭവം.

“ഓപ്പണ്‍ വോട്ട് നീ തന്നെ കുത്തിക്കോ” എന്ന മോഹന വാഗ്ദാനം. ഞാന്‍ അക്ഷരാര്‍ഥത്തില്‍ വീണു പോയി. അങ്ങനെ കാഴ്ച്ച കുറഞ്ഞ അവരെയും കൂട്ടി ജീപ്പില് ബൂത്തിലേക്ക്.. അവിടെ എത്തി ജീപ്പില്‍ നിന്നിറങ്ങിയപ്പൊ തന്നെ ഒരഞ്ചാറ് ഗഡാഗഡിയന്‍ ഡിഫി ചേട്ടന്‍മാര്‍ ചുറ്റുംകൂടി.
“രതീശേ, സന്തോശാ അമ്മാമ്മേന്റെ കൈ പിടി..” ഒരാള്‍ പറഞ്ഞു.
നാലു പേര്‍ ചേര്‍ന്ന് അവരെ കൈപിടിച്ചു നടത്താന്‍ ഒരുങ്ങുകയായിരുന്നു. നേരത്തെ പറഞ്ഞ ‘യൂത്തുകാര്‍’ ഇടപെട്ടു. പ്രശ്നമായി.

“ഇതു ഞങ്ങളുടെ വോട്ടാണ്. അമ്മമ്മ പറയട്ടെ അല്ലാന്ന്..”
അമ്മമ്മ പറഞ്ഞു ഇവന്മാരാ കൊണ്ടുവന്നതെന്ന്. അപ്പൊ പിന്നെ ആരാ വോട്ട് കുത്തുന്നതു എന്ന ചോദ്യം. പതുക്കെ സീനില് നിന്ന് വലിയാന്‍ തുടങ്ങുന്ന എന്നെ ആരോ തിരിച്ച് വിളിച്ചു.
“ഇവനാ.. ഇവനാ അവരെ കൊണ്ടു വന്നത്”
“ഇവനൊ? ഇതു ബാലകൃഷ്ണന് മാഷെ മോനല്ലേ..? ഇവനു പത്ത് പതിനഞ്ച് വയസ്സല്ലെ ഉള്ളൂ..?
“ഇത് പ്രശ്നമാകും..” ഞാന്‍ മനസ്സില് പറഞ്ഞു.
“പ്രശ്നമായി..” ഞാന്‍ തന്നെ തിരുത്തി.. കശപിശ തുടരുന്നതിനിടെ ചേട്ടനും ഞാനും പതുക്കെ രംഗത്തു നിന്ന് മുങ്ങി.. പൊങ്ങിയത് ഞങ്ങളുടെ വീട്ടിലും.. കുറച്ച് ദിവസത്തിനു ശേഷം ഫലം വന്നു. പ്രേമജം 25000 വോട്ടിനു ജയിച്ചു. രാത്രി നടന്ന പന്തംകൊളുത്തി ആഹ്ലാദപ്രകടനത്തിനിടെ വീട്ടിലേക്ക് മൂന്ന് നാലു പടക്കങ്ങള്‍..

ആ പ്രശ്നം അവിടെ അവസാനിച്ചു..
കാലം മാറി .. കഥ മാറി. കാലാവസ്ഥയും മാറി..
ഞാന്‍ ഇടതായി..
ഈയിടെ നമ്മുടെ പഴയ കോണ്‍ഗ്രസ് ചേട്ടന്‍ ഒന്നാന്തരം കമ്മ്യൂണിസ്റ്റായ എന്റെ ഭാര്യയോട് പറഞത്രേ..
“നിന്റെ ഭര്‍ത്താവില്ലേ ഓന്‍ ഒന്നാന്തരം കോണ്‍ഗ്രസ്കാരനാ… ഇവിടത്തെ സജീവ പ്രവര്‍ത്തകനായിരുന്നു.. നിന്നോട് പറയാഞ്ഞിട്ടാ… ഞാന്‍ അവനു 15 വയസ്സുള്ളപ്പോ ഓപ്പണ്‍ വോട്ട് ചെയ്യിച്ചിട്ടുണ്ട്.. ഇവിടത്തെ സഖാക്കന്‍മാര്‍ പലതും പറഞിട്ടും ഓന്‍ അനങ്ങിയില്ല.. !!!!!”

വിളംബരം…

Posted മാര്‍ച്ച് 25, 2009 by Bijin | ബിജിന്‍
Categories: പലവക

Tags: ,

ഭാര്യയേയും അമ്മായി അപ്പനെയും ബ്ലോഗിന്‍റെ ലോകത്തേയ്ക്ക് കോളറിനു പിടിച്ചു വലിച്ചു കൊണ്ട് വന്നപ്പോ തന്നെ തോന്നിയിരുന്നു.. എന്ത് കൊണ്ട് ഇത് നമുക്കും ആയിക്കൂടാ.. (അവര്‍ രണ്ടു പേരും ഇപ്പൊ ഏതാണ്ട് റണ്ണിങ്ങിലായി തുടങ്ങി.. ഒരാള് ദേ ഇവിടെയും    രണ്ടാമത്തെയാള് ഇവിടെയും )

ഇത് ബ്ലോഗിന്റെ ലോകത്തേക്കുള്ള രണ്ടാംവരവാണ്.

ഇത്തവണ മാ ഫലേഷു ആണ് കഥാരചന..
ആരും വന്നിലെങ്കിലും കമെന്റിട്ടില്ലെങ്കിലും ഇത് മുന്നോട്ടു കൊണ്ട് പോകും എന്ന് ഭാര്യയുടെ തലയില്‍ തൊട്ടു സത്യം ചെയ്യാമെന്ന് വിചാരിച്ചാ അവള്‍ സമ്മതിക്കണ്ടേ… പഴയ മാതിരി കൂതറ സാധനങ്ങള്‍ ഇതില്‍ കണ്ടു പോകരുത് എന്ന ശക്തമായ താക്കീതും.. വാശിയോ.. അതും ഈ എന്നോട്.. ഞാന്‍ വിട്ടില്ല.. ഉടനെ തന്നെ ബ്ലോഗറിലെ ആ പഴയ പോസ്റ്റൊക്കെ എടുത്തു ചാക്കിലാക്കി ആരും കാണാതെ പറമ്പിന്‍റെ മൂലയിലെറിഞ്ഞു… ഇന്നലത്തെ വേനല്‍മഴയില്‍ അതെല്ലാം വീട്ടിനു മുന്നിലെ ഒരടി മാത്രം വീതിയുള്ള കാണി (ഓട) യിലൂടെ ഒഴുകി നരിക്കുനി തോട്ടില്‍ ചേര്‍ന്ന് കണ്ടന്‍ ചിറയും കടന്നു കുറ്റ്യാടി  പുഴയിലൂടെ  അറബിക്കടലിന്റെ ഭാഗമായിക്കാണും…. 


    ‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍’ എടുത്തു പോയ ചില പ്രഖ്യാപനങ്ങള്‍..
  1.  ഈ ബ്ലോഗില്‍ വരുന്ന സാധനങ്ങള്‍ മലയാള സാഹിത്യ ചരിത്രത്തില്‍ സുവര്‍ണലിപി പോയിട്ട് കരിക്കട്ട കൊണ്ട് പോലും എഴുതപ്പെടില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു..
     
  2. നില്‍ക്കാന്‍ പഠിച്ചിട്ടു മാത്രമേ നടക്കാന്‍ ശ്രമിക്കുള്ളൂ.. ഓട്ടം സ്വപ്നത്തില്‍ പോലും ഇല്ല..!!
     
  3.  എന്റെ പോസ്റ്റുകള്‍ വായിക്കുന്നത് പോലെത്തന്നെ വായിക്കാതിരിക്കുന്നതും വായനക്കാരുടെ സ്വാതന്ത്ര്യമാണ്.. ഹിറ്റ് കുറയുന്നതിന് ആരുടേയും തന്തക്കു വിളിക്കില്ല..!!

 

:)

എന്തെഴുതും എന്ന സ്വാഭാവിക സന്ദേഹം…

സംഭവങ്ങള്‍ അധികം ഇല്ലാത്ത 26 വര്‍ഷങ്ങള്‍.. 13 വര്‍ഷങ്ങള്‍ പാഴാക്കിയതിന് ശേഷം തുടങ്ങിയ പ്രണയം ഇന്നും തുടരുന്നു.. ഒരു കുഞ്ഞു പൂവ് മൊട്ടിടുന്നു.. കൊഞ്ചല്‍ മാറുന്നതിന് മുന്‍പേ പക്വമതിയുടെ കുപ്പായം അണിയിച്ചു തന്ന സമൂഹത്തിനോട് ഞാന്‍ നീതി പുലര്‍ത്തിയത്‌ ഒരുപാട് നഷ്ടം സഹിച്ചാണ്.. കോട്ടി കളിക്കാതെ , നരിക്കുനി തോട്ടില്‍ നീന്തല്‍ പഠിക്കാതെ, ആരാന്‍റെ മാവിനെറിയാതെ…………       അങ്ങനെ ഒരുപാട് നഷ്ടങ്ങള്‍…….   ചിലപ്പോള്‍ ആ നഷ്ടബോധങ്ങള്‍ ഒരു തിരിച്ചറിവിന്‍റെ ചരല്‍വഴികളിലെക്കുള്ള ചൂണ്ടുപലകകള്‍ ആകാറുണ്ട്.. . മറ്റു ചിലപ്പോള്‍ 3 പ്രാവശ്യം കോട്ടി കളിച്ചതിന്റെയും, ഒരിക്കല്‍ നരിക്കുനി തോട്ടില്‍ മുങ്ങി വെള്ളം കുടിച്ചതിന്റെയും, ഒരില പോലും വീഴ്ത്താതെ താഴേക്കു വീണ കല്ലുകളുടെയും പരിചയസമ്പന്നത ഒരു nostalgia ആയി ഇങ്ങനെ കിടക്കും..

ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പല്ലേ.. നല്ല വളക്കൂറുള്ള കാലഘട്ടം… അപ്പൊ പിന്നെ അങ്ങനെ ആവട്ടെ അല്ലേ…. 

 ശേഷം നേരില്‍..